Skip to main content

സുജാത ചില്ലറക്കാരിയല്ല…!








വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാൻ വേണ്ടത് നല്ല പഴുത്ത തേങ്ങയാണ്. പഴുത്ത തേങ്ങ എന്ന് വച്ചാൽ മൂത്ത് മൂത്ത് ഇനിയങ്ങോട്ട് മൂക്കാനില്ലാത്ത തേങ്ങ. ഇത്തരം തേങ്ങകളുടെ ചകിരിപ്പുറത്ത് മൂപ്പിന്റെ അടയാളമായ നേരിയ മഞ്ഞരാശി ഉണ്ടായിരിക്കും. ഈ മഞ്ഞ നിറത്തിനപ്പുറം ഈ തേങ്ങകളെ കാത്തിരിക്കുന്നത് ഉണങ്ങലിന്റെ തവിട്ട് നിറമായിരിക്കും. ഉണങ്ങിയ തേങ്ങകളുടെ കാമ്പിൽ ജലാംശം കുറയും. പച്ചത്തേങ്ങകളുടെ കാമ്പിൽ ജലാംശം കൂടും. ഈ രണ്ട് ജലാവസ്ഥകളും വെർജിൻ ഓയിൽ വിരുദ്ധമാണ്. പഴുത്ത തേങ്ങകൾ നമുക്ക് പരമാവധി എണ്ണ തരും. ഇളവൻ തേങ്ങകളും ആവശ്യത്തിന് മൂപ്പില്ലാത്ത തേങ്ങകളും വളരെ കുറച്ച് എണ്ണയേ തരൂ.
ഒരു മുപ്പത് പഴുത്ത തേങ്ങ പൊളിച്ച് യന്ത്രത്തിൽ ചിരവുക. ചിരവിയെടുത്ത തേങ്ങ മിക്സിയിൽ അൽപ്പം വെള്ളം ചേർത്തരച്ച ശേഷം അതിന്റെ പാൽ പിഴിഞ്ഞെടുക്കുക. ഈ ക്രിയ രണ്ടാമതൊരു തവണ കൂടി ചെയ്താൽ തേങ്ങയിലുള്ള പാൽ മുഴുവൻ നമ്മുടെ പാത്രത്തിലെത്തും.  ഇങ്ങിനെ പിഴിഞ്ഞ് അരിച്ച് എടുത്ത  പാൽ ഓട്ടുരുളിയിൽ ചെറിയ തീയിൽ ചൂടാക്കുക. ചൂടാക്കിക്കൊണ്ടേ ഇരിക്കുക. ചൂടാവുന്ന മുറയ്ക്ക് ഇടയ്ക്കിടെ ഇത് ഇളക്കിക്കൊടുക്കണം. ഏതാണ്ടൊരു അര മുക്കാൽ മണിക്കൂർ കഴിയുന്നതോടെ തേങ്ങപ്പാലിന്റെ വെളുപ്പു നിറം തവിട്ടു നിറത്തിന് വഴിമാറും. നല്ല ഇരുണ്ട തവിട്ടു നിറമായാൽ ഉരുളി തീയിൽ നിന്നിറക്കി വയ്ക്കുക. അൽപ്പം തണുത്തു കഴിഞ്ഞാൽ ഉരുളിയിലെ മിശ്രിതം ഒരു പുതിയ തോർത്തിലേയ്ക്ക് കോരിയിട്ട് സമ്പൂർണ്ണമായി പിഴിഞ്ഞെടുക്കുക. തോർത്തിൽ അവശേഷിക്കുന്നത് പിണ്ണാക്കും പാത്രത്തിൽ വീണത് വിഖ്യാതമായ വെർജിൻ വെളിച്ചെണ്ണയുമാണെന്ന് ഒരു ഞെട്ടലുമില്ലാതെ നിങ്ങൾ തിരിച്ചറിയും. ഇതിന്റെ മണവും ഗുണവും ഒന്ന് വേറെ തന്നെയാണെന്ന് നിങ്ങൾ പിൽക്കാലമെല്ലാം മറ്റുള്ളവരോട് പറഞ്ഞു കൊണ്ടേയിരിക്കും.
തേങ്ങയിൽ നിന്ന് തേങ്ങാപ്പാൽ വേർതിരിച്ചെടുക്കാൻ മറ്റെന്തെങ്കിലും എളുപ്പവഴി? ഉണ്ട്. പറയാം. പറയാൻ പോകുന്ന എളുപ്പ വഴിയിൽ ഈ ക്രിയ ചെയ്യാൻ ഒരു സുജാത മിക്സി ജ്യൂസർ വേണം. സംഗതി ഇങ്ങനെയാണ്. തേങ്ങ പൊട്ടിക്കുക. പൊട്ടിച്ച് പൊട്ടിച്ച് ചെറിയ കഷ്ണങ്ങളാക്കുക. എന്നിട്ട് ഈ കഷ്ണങ്ങളിൽ നിന്ന് ചിരട്ട വേർപെടുത്തി തേങ്ങ ജ്യൂസറിലേയ്ക്കിട്ടു കൊടുക്കുക. തേങ്ങാപ്പാൽ റെഡി. ഈ രീതിക്ക് മറ്റൊരു അഡാർ വേർഷനുണ്ട്. ഈ വേർഷനിൽ, അല്പം ഭാവനയും ഭാവാഭിനയവും വേണ്ടിവരും. ഈ നാടകീയ രീതിയാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ പൊതിച്ച /ഉരിച്ച തേങ്ങകൾ കൂട്ടിയിടുക. എന്നിട്ടതിന്റെ വലതു വശത്തായി നിലയുറപ്പിയ്ക്കുക. ശേഷം നിങ്ങൾ അമ്പലനടയിലെത്തിയ മത വിശ്വാസിയാണെന്ന് സങ്കൽപ്പിക്കുക. എന്നിട്ട് തേങ്ങകൾ ഓരോന്നോരോന്നായെടുത്ത് മുന്നിൽ മുമ്പേ സ്ഥാപിച്ചിട്ടുള്ള കരിങ്കല്ലിൽ ഊക്കോടെ എറിയുക. തേങ്ങകളോരോന്നും പൊട്ടിച്ചിരികൾ പോലെ നിങ്ങളുടെ മുന്നിൽ പൊട്ടിച്ചിതറും. ചിതറിയ കഷ്ണങ്ങളെ ചിരട്ട ശകലങ്ങളിൽ നിന്ന് മോചിപ്പിച്ച് സുജാതയെ ഏൽപ്പിക്കുക. 
ഉരുളി ക്രിയയ്ക്ക് എന്തെങ്കിലും എളുപ്പ വഴി? ഉണ്ട്. ദീർഘനേരം ഉരുളിയിൽ ഇളക്കിക്കൊണ്ടിരിക്കുക എന്നത് പരമ ബോറാണ്. ഈ ബോറടി കുറയ്ക്കാൻ തേങ്ങാപ്പാൽ ലഭിച്ച ഉടൻ നേരിട്ട് ഫ്രിഡ്ജിലേയ്ക്ക് കയറ്റി വയ്ക്കുക. ഫ്രീസറിൽ വയ്ക്കരുത്. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ തേങ്ങാപ്പാലിലെ വെണ്ണയും വെള്ളവും വേർപെട്ട് കിടക്കുന്നത് കാണാം. വെള്ളം പൂർണ്ണമായി ഒഴിവാക്കിയ ശേഷം വെണ്ണ ഉരുളിയിലേയ്ക്കും ഉരുളി തീയിലേയ്ക്കും വയ്ക്കുക. പിന്നെ ഇളക്കുക, പിഴിയുക എണ്ണ കുപ്പിയിലാക്കുക.
ഇത്രയും തേങ്ങയുടെ പീര / ചണ്ടി, ഒരു നാഷണൽ വേസ്റ്റായി അവശേഷിക്കില്ലേ എന്ന് സംശയിക്കാം. അല്പം ശർക്കരയും നെയ്യുമിട്ട് വരട്ടിയെടുത്ത് ഉരുട്ടി വച്ചാൽ ഇടനേരത്ത് വിശന്നു വരുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരു പലഹാരമായി കൊടുക്കാം. (വല്യ ടേസ്റ്റൊന്നും ഉണ്ടാവില്ല ) 
അല്ലെങ്കിൽ തേങ്ങച്ചണ്ടി / പീര, കോഴി കാക്ക പശു ആട് എന്നിവയ്ക്ക് ഉദാരമായി കൊടുക്കാം. അവരൊക്കെ ഇത് വേണം-വേണ്ടാ എന്ന മട്ടിൽ ഇത്തിരി തിന്നും. വെളുത്തതെല്ലാം തേങ്ങയല്ലാ എന്നറിയാവുന്ന കോഴികൾ ഇത് കാലുകൾ കൊണ്ട് ചിതറിത്തെറിപ്പിച്ച് നമ്മളെ വല്ലാതെ പരിഹസിക്കും. കോഴിക്ക് പോലും വേണ്ടാത്ത സ്ഥിതിക്ക് നമുക്കിത് വെയിലത്ത് ഉണക്കി മില്ലിൽ ആട്ടിയെടുക്കാം. ഇത്തിരി വെളിച്ചെണ്ണയും ഒത്തിരി പിണ്ണാക്കും കിട്ടും…. ആ ഇത്തിരി വെളിച്ചെണ്ണയ്ക്കു വേണ്ടി ഇത്രയേറെ ക്ലേശിക്കണോ? അതൊരു ചോദ്യമായങ്ങനെ നിൽക്കട്ടെ...
x

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...