ചപ്പുകൾ കേറി അടഞ്ഞ ഓവുകൾ വൃത്തിയാക്കാനായിട്ടാണ് പുരപ്പുറത്ത് കയറിയത്.
ക്ലീനിങ് തുടങ്ങി. ഞാൻ പുരപ്പുറത്ത് കയറി പണി ചെയ്യുന്നത് കണ്ടതും അടുത്ത വീട്ടിലെ മോഹനൻ ചേട്ടൻ സഹായത്തിനായി വന്നു.
കുറച്ചു കഴിഞ്ഞപ്പോൾ
താഴെ നിന്ന് ഒരു വിളി
"അച്ഛാ... "
ഉറങ്ങിക്കിടന്നിരുന്ന മകൻ ഇതാ താഴെ വന്നു നിൽക്കുന്നു.
ഫാദേഴ്സ് ഡേയായിട്ട് അവനൊരു ഗിഫ്റ്റ് കൊടുക്കണ്ടേ! ഇങ്ങു മുകളിലോട്ട് കൊണ്ടുവരാൻ നിധിയോട് പറഞ്ഞു.
പിന്നെ ക്ലീനിങ് ഞങ്ങൾ ഒന്നിച്ചായി. അണ്ണാറ കുഞ്ഞ് തന്നാലാകുന്നതുപോലെ സഹായിച്ചു.
ഒന്നര വയസ്സുള്ള മകനെ എന്തിന് പുരപ്പുറത്തു കയറ്റി തൂത്തുവാരിച്ചു? എന്ന് ചോദിച്ചാൽ
രണ്ടു ഉത്തരങ്ങൾ പറയേണ്ടതുണ്ട്
ഞങ്ങളുടെ അച്ഛൻ എന്നോടും ചേട്ടനോടുമായി കുഞ്ഞുന്നാളിൽ പറയാറുണ്ട്
"നിങ്ങളീ മുറ്റവും പുരക്കകവും മാത്രം നോക്കി നടന്നാൽ പോരാ, ഇടക്കൊക്കെ മേൽക്കൂര കൂടി ഒന്നു നോക്കണം. ഇല്ലേൽ ഓടിനിടയിലൂടെ വെള്ളം ഇറങ്ങി മേൽക്കൂര ചിതല് പിടിച്ച് ഇടിഞ്ഞു താഴെ വീഴും.
ഇടയ്ക്കൊക്കെ ഒന്ന് വൃത്തിയാക്കി കൊടുത്താൽ
അത് കാലങ്ങളോളം കേടാകാതെ നിന്നോളും"
5-6 മാസം കൂടുമ്പോൾ ഞങ്ങൾ
ഓടിട്ട പുരപ്പുറത്തുനിന്നു
ചപ്പുകൾ വാരിക്കളയുന്നത് പതിവായിരുന്നു.
അതുതന്നെയാണ് എനിക്ക് മകനെ നൽകാനുള്ള ആദ്യപാഠവും
*"നിർമ്മിച്ചാൽ മാത്രം പോരാ പരിപാലനവും വേണം"*
കാർന്നോൻമാർ കഷ്ടപ്പെട്ടുണ്ടാക്കിയത്
ഇപ്പോൾ ചെറുതായിട്ടൊന്നു പരിപാലിച്ചാൽ വലിയ പരിക്കുകൾ ഒഴിവാക്കി കൂടുതൽ കാലം നമുക്കു നില നിർത്താം.
രണ്ടാമത്തെ പാഠം
അവൻ ഇതൊക്കെ കണ്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് വളരണം. എന്തെന്നാൽ
*"അനുഭവങ്ങൾ നൽകുക എന്നതാകണം രക്ഷകർത്വത്തിലെ പ്രധാന പാഠ്യരീതി"* എന്നു ഞാൻ വിശ്വസിക്കുന്നു.
ജീവിതത്തിലെ വലിയൊരു പാഠം പഠിപ്പിച്ച എൻറെ അച്ഛനു നന്ദി.
അപ്പോൾ നിങ്ങളുടെ മേൽക്കൂര ഒന്നു നോക്കിക്കോ കേട്ടോ..!
അപ്പോൾ ഹാപ്പി ഫാദേഴ്സ് ഡേ....
-അനീഷ് മോഹൻ കോട്ടയം, പേഴ്സണൽ ട്രാൻസ്ഫർമേഷൻ കോച്ച്, ഇപ്കായ്.
Comments
Post a Comment
Happy to hear you!