Skip to main content

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്


ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറാന്‍ ആയുര്‍വേദ ടിപ്‌സ്

_സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്_

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുകയും ആവശ്യാനുസരണം വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തും. അതില്‍ പ്രധാനമാണ് നടുവേദന. ഇത് കൂടാതെ മലബന്ധത്തിന്റെ പ്രശ്നങ്ങളും പലരെയും അലട്ടാറുണ്ട്.

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്നം നടുവേദനതന്നെ. ഇത് പല തരത്തില്‍ അനുഭവപ്പെടാം. ചിലര്‍ക്ക് കഴുത്തിനോടനുബന്ധമായും വേദന ഉണ്ടാകാറുണ്ട്. ആയുര്‍വേദത്തില്‍ ഗ്രീവാഗ്രഹം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. നടുഭാഗത്തായി വരുന്ന വേദന കടീഗ്രഹം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനോടൊപ്പം നടുവില്‍നിന്ന് കാലിലേക്ക് സഞ്ചരിക്കുന്ന നാഡികള്‍ക്ക് ഞെരുക്കം അനുഭവപ്പെടുന്നത് വഴി കാലിലേക്ക് വേദന, മരവിപ്പ് തുടങ്ങിയവ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ ഗൃദ്ധ്രസി എന്നും ആയുര്‍വേദം പറയുന്നു.

സ്ഥിരമായി വാഹനം ഓടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. സ്ഥിരമായ യാത്രകൊണ്ട് നട്ടെല്ലിനും അനുബന്ധപേശികളിലും അധികം സമ്മര്‍ദവും ആയാസവും അനുഭവപ്പെടുന്നത് നടുവേദനയുണ്ടാക്കും. സ്ഥാനചലനമില്ലാതെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ നട്ടെല്ലിനും അനുബന്ധപേശികളിലേക്കുമുള്ള രക്തപ്രവാഹത്തിന്റെ സുഗമമായ സഞ്ചാരം കുറയും. അതുമൂലം നട്ടെല്ലിന് ആയാസമുണ്ടാവുകയും കാലക്രമത്തില്‍ നടുവേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

കഴുത്തിന്റെ വശങ്ങളിലോ പുറംഭാഗത്തോ വേദന, കഴുത്തില്‍നിന്ന് കൈകളിലേക്ക് പോകുന്ന നാഡികള്‍ക്ക് ഞെരുക്കം ഉണ്ടായി കൈകള്‍ക്ക് വേദനയും മരവിപ്പും തുടങ്ങിയ ലക്ഷണങ്ങള്‍ ഗ്രീവാഗ്രഹത്തിനോടനുബന്ധമായി വരുന്നവയാണ്. ചിലരില്‍ കഴുത്തിന്റെ ഭാഗത്തുള്ള പ്രശ്നംകൊണ്ടുതന്നെ തലവേദനയും ഉണ്ടാകാറുണ്ട്.

പുറംവേദന, ഇടുപ്പ് വേദന, എന്നിവയാണ് നടുഭാഗത്ത് അനുഭവപ്പെടുന്ന കടീഗ്ര ത്തിന്റെ സൂചനകള്‍. ഇതിന്റെ ഫലമായി അരക്കെട്ടിന് പിടിത്തം, അനുബന്ധപേശികള്‍ക്ക് സങ്കോചം, നിവര്‍ന്ന് നില്‍ക്കാന്‍ പ്രയാസം, വശങ്ങളിലേക്ക് തിരിയുമ്പോള്‍ വേദന, നില്‍ക്കാനും നടക്കാനും ഇരിക്കാനും പ്രയാസം തുടങ്ങിയവ അനുഭവപ്പെടാം.

കാലുകളിലേക്ക് നീളുന്ന നാഡിക്ക് ഉണ്ടാകുന്ന ഞെരുക്കം കാരണം, നടുവേദന പൃഷ്ഠഭാഗത്ത് കൂടി കാലില്‍ ഉടനീളം വ്യാപിക്കുകയും കാലിന് തരിപ്പും വലിച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു.

പരിഹാരം, ചികിത്സാരീതികള്‍

ശരീരത്തിലൂടെയുള്ള വായുവിന്റെ ചലനത്തെ ക്രമപ്പെടുത്തുകയും അതിനോടൊപ്പം വേദനകുറയ്ക്കാനുള്ള ഉപായങ്ങള്‍ ചെയ്യുകയുമാണ് അടിസ്ഥാന ചികിത്സാസമീപനം. ആദ്യമായി ഉള്ളിലേക്ക് ഔഷധങ്ങള്‍ നല്‍കുകയാണ് ചെയ്യുക. രാസ്‌നാശുണ്ഠ്യാദി കഷായം, ദ്വിഗുണരാസ്‌നാദി കഷായം തുടങ്ങിയവ അവസ്ഥാനുസരണം നല്‍കുന്നു.

നല്ലപോലെ മലശോധന ഉണ്ടാവേണ്ടത് ആവശ്യമാണ് എന്നതിനാല്‍ അതിനുള്ള ഔഷധങ്ങളും നല്‍കുന്നു. ഇതിനോടൊപ്പം വിവിധ ചികിത്സാവിധികളിലേക്ക് കടക്കുന്നു.

ലേപനം:
സന്ധികളിലെ വേദന, ചുവപ്പുനിറം ചുട്ടുനീറ്റല്‍, നീര് തുടങ്ങിയവ കുറയ്ക്കുന്നതിനായി ഔഷധയുക്തമായ ചൂര്‍ണങ്ങള്‍ (പൊടികള്‍) പുളിയില നീര്, അരികഴുകിയ വെള്ളം തുടങ്ങിയവ യുക്തമായവയില്‍ ചാലിച്ച് ചൂടാക്കി തേയ്ക്കുന്നു.
ഉപനാഹം:
വേദനയും നീരുമുള്ള ഭാഗത്ത് ലേപനം പോലെതന്നെ ഔഷധ ചൂര്‍ണങ്ങള്‍ തേര്‍ത്ത് പ്രത്യേക രീതിയില്‍ കെട്ടിവയ്ക്കുന്നതാണ് ഉപനാഹം.
ധാര:
സന്ധികളിലെ നീരും വേദനയും കുറയ്ക്കുന്നതിന് ഫലപ്രദമാണ് ധാര. ഔഷധദ്രവം ശരീരത്തിന്റെ നിര്‍ദിഷ്ട ഭാഗത്ത് നിശ്ചിത ഉയരത്തില്‍നിന്ന് ആവശ്യമായ സമയം ഇടമുറിയാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ചികിത്സാരീതിയാണിത്. ശരീരം മുഴുവനായോ(സര്‍വാംഗധാര) ഏതെങ്കിലും ശരീരഭാഗങ്ങളില്‍ മാത്രമായോ(ഏകാംഗധാര) ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക. അരമണിക്കൂര്‍ കൂടുമ്പോള്‍ അല്പനേരം നടക്കണം. കയ്യും കാലും ഇളക്കുന്നത് നടുവിന്റെ സമ്മര്‍ദം കുറയ്ക്കും. കുനിയേണ്ടിവരുമ്പോള്‍ മുട്ടുമടക്കി ചെയ്യുക. മുട്ടുമടക്കാതെ കുനിഞ്ഞാല്‍ അത് നടുവിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കും.

മലബന്ധം

ഒരേ ഇരുപ്പില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ സാഹചര്യംകൊണ്ടും അസൗകര്യംകൊണ്ടും മലമൂത്രവിസര്‍ജനം തുടങ്ങിയ പ്രകൃതിദത്തമായ ആവശ്യങ്ങളെ (വേഗങ്ങള്‍) ബലമായി തടഞ്ഞുനിര്‍ത്തേണ്ടായി വരാറുണ്ട്. ഇതുമൂലം ശരീരത്തിലെ വായുസഞ്ചാരം ക്രമരഹിതമാവുകയും തത്ഫലമായി ഒട്ടനവധി അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. വേഗങ്ങളെ തടഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് സംശയം തോന്നാം. ഉദാഹരണമായി മലവിസര്‍ജനം സ്ഥിരമായി തടഞ്ഞാല്‍ അടിവയറ്റില്‍ വേദന, ഗ്യാസ്ട്രബിള്‍, നെഞ്ചിന്റെ ഭാഗത്തായി കനംപോലെ തോന്നുക തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാവും.
സുഗമമായ മലശോധന ആരോഗ്യത്തിന്റെ ലക്ഷണവും ദഹനം കൃത്യമായി നടക്കുന്നു എന്നതിന്റെ തെളിവുമാണ്. വ്യായാമക്കുറവ്, ഉറക്കക്കുറവ്, മലവിസര്‍ജനം തടയുന്നത്, വെള്ളംതീരെ കുടിക്കാതിരിക്കുന്നത്, മാനസിക പിരിമുറുക്കം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം.

പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

ചേന, ഇലക്കറികള്‍, മോര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ചൂട് കഞ്ഞി കുടിക്കുന്നത്ശോധനയ്ക്ക് സഹായിക്കും.

ചുവന്നുള്ളി, ജീരകം, കറിവേപ്പില തുടങ്ങിയവ ഭക്ഷണം പാകംചെയ്യുമ്പോള്‍ ചേര്‍ക്കുക.

മാംസാഹാരത്തിനൊപ്പം നിര്‍ബന്ധമായും പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തുക.

കണിക്കൊന്ന ഇല തോരന്‍ ഉണ്ടാക്കി രാത്രി ഭക്ഷണത്തോടൊപ്പം ഉപയോഗിക്കാം.

വാഴപ്പിണ്ടി തോരന്‍, വാഴക്കൂമ്പ് കറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഉദരപേശികള്‍ക്ക് ബലം നല്‍കുന്ന യോഗാസനങ്ങള്‍ (ത്രികോണാസനം, പവനമുക്താസനം തുടങ്ങിയവ) മലശോധനയെ സുഗമമാക്കാന്‍ സഹായിക്കും.

(കോട്ടയം അയ്മനം ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുഷ് മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍)

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...