Skip to main content

75 സ്വതന്ത്ര വർഷങ്ങളുടെ തിളക്കത്തിലാണ് നമ്മളും നമ്മുടെ രാജ്യവും. ഉള്ളിൽ പാറുന്ന മൂവർണക്കൊടിയിലേക്ക് അഭിമാനത്തോടെ നോക്കുമ്പോൾ, ആരാണ് ഈ ‘നമ്മൾ’ എന്ന വിങ്ങൽ നെ‍ഞ്ചിൽ ഒരു ചൂണ്ടക്കൊളുത്തിടുന്നു. ആരാണ് ഇന്ത്യയുടെ അവകാശികൾ എന്ന ചോദ്യം തല്ലിയലച്ചെത്തുന്ന മലവെള്ളം പോലെ കാൽചുവട്ടിലെ മണ്ണെടുക്കുന്നു.

സ്ത്രീകളെ നഗ്നരാക്കുക, മൂത്രം കുടിപ്പിക്കുക, തുപ്പിയ ഭക്ഷണം കഴിപ്പിക്കുക... കാണുന്നില്ലേ നാം ഇതൊന്നും!

INDIA-CRIME-ASSAULT-PROTEST
ചിത്രം. സജാദ് ഹുസൈൻ. എഎഫ്പി
   

75 സ്വതന്ത്ര വർഷങ്ങളുടെ തിളക്കത്തിലാണ് നമ്മളും നമ്മുടെ രാജ്യവും. ഉള്ളിൽ പാറുന്ന മൂവർണക്കൊടിയിലേക്ക് അഭിമാനത്തോടെ നോക്കുമ്പോൾ, ആരാണ് ഈ ‘നമ്മൾ’ എന്ന വിങ്ങൽ നെ‍ഞ്ചിൽ ഒരു ചൂണ്ടക്കൊളുത്തിടുന്നു. ആരാണ് ഇന്ത്യയുടെ അവകാശികൾ എന്ന ചോദ്യം തല്ലിയലച്ചെത്തുന്ന മലവെള്ളം പോലെ കാൽചുവട്ടിലെ മണ്ണെടുക്കുന്നു. 

ഇവിടെ ജനിച്ചവരെല്ലാം, ഈ മണ്ണിനെ ‘അമ്മ’ യായി കണ്ടവരെല്ലാം – അവരെല്ലാമാണ് ഈ മണ്ണിന്റെ നാഥർ എന്ന് ഉറക്കെവിളിച്ചു പറയണമെന്നുണ്ട്. പക്ഷേ, എങ്ങനെ നുണ പറയും? ദലിതരെയും ആദിവാസികളെയും ഇപ്പോഴും പുറമ്പോക്കിൽ നിർത്തുമ്പോൾ നമ്മളെങ്ങനെ നമ്മളാകും? ജാതി, മത, സമുദായ, ദേശ ഭേദങ്ങളില്ലാതെ ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്നു പറയാത്തിടത്തോളം ഇന്ത്യയെങ്ങനെ ഇന്ത്യയാകും? 

അതെ, ബ്രിട്ടിഷുകാരിൽനിന്നു ജീവൻ കൊടുത്തു സ്വാതന്ത്ര്യം നേടിയെങ്കിലും നമുക്കു സ്വയം ചങ്ങലകൾ അഴിക്കാനായിട്ടില്ല. ജാതിയുടെ പേരിലുള്ള ക്രൂരതകളിൽ നിന്ന് കുറെയൊക്കെ മോചനം നേടിയെങ്കിലും 75ാം വയസ്സിലും നമുക്ക് ഇക്കാര്യത്തിൽ പക്വത വന്നിട്ടില്ല. ഒരിടത്ത് പാലങ്ങൾ പണിയുമ്പോൾ മറ്റൊരിടത്തു നമ്മൾ മതിലുകൾ കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കുന്നു. വിവേചനത്തിന്റെ, ഉയർച്ച–താഴ്ചകളുടെ, ദേശഭേദങ്ങളുടെ, തൊട്ടുകൂടായ്മയുടെ മതിലുകൾ. അതിനൊപ്പം ഇപ്പോൾ ഒന്നുകൂടിയുണ്ട് പണത്തിന്റെയും സ്വാധീനത്തിന്റെയും മതിൽ.

ആ കൂക്കിവിളിച്ചവരാണോ ഇന്ത്യക്കാർ? 

ഇന്ത്യൻ വനിതകളുടെ ഹോക്കി ടീം ഒളിംപിക്സ് സെമി ഫൈനലിൽ തോറ്റപ്പോൾ ടീമംഗം വന്ദന കടാരിയയുടെ ഉത്തരാഖണ്ഡിലെ വീടിനു മുന്നിൽ ചിലർ പടക്കം പൊട്ടിക്കുകയായിരുന്നു! കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും കയ്യടിച്ചും തോൽവി കൊണ്ടാടുകയായിരുന്നു! ‘ടീമിലെ കൂടുതൽ പേരും ദലിതർ ആയാൽ പിന്നെ എങ്ങനെ തോൽക്കാതിരിക്കും’ എന്നു പറഞ്ഞായിരുന്നു ‘ഗംഭീര’ ആഘോഷം. ചെറിയ വീടിനുള്ളിൽ വന്ദനയുടെ അമ്മ കരഞ്ഞു. പ്രതികരിക്കാൻ ആഗ്രഹിച്ചെങ്കിലും ആക്രമണം ഭയന്ന് ദേഷ്യം കടിച്ചമർത്തി, സഹോദരൻ. 

vandana-kataria
വന്ദന കടാരിയ

അച്ഛൻ മരിച്ചിട്ടു 3 മാസം മാത്രമായ വീടായിരുന്നു അത്. അച്ഛനെ അവസാനമായി കാണാൻ ഒളിംപിക്സ് പരിശീലന ക്യാംപിൽ നിന്ന് വന്ദന എത്തിയിരുന്നില്ല. രാജ്യത്തിനു മെഡൽ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി കണ്ണീരടക്കി പരിശീലനം തുടർന്നു, അവൾ. ലോക മൂന്നാം നമ്പരായ ഓസ്ട്രേലിയൻ ടീമിനെ തോൽപിച്ച് സെമി ഫൈനലിൽ കടന്നപ്പോൾ ഈ വിജയം ദലിതരുടെ പ്രയത്നഫലമാണ് എന്ന‌് ആരും പറഞ്ഞില്ല. ഒളിംപിക്സ് ഹോക്കിയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വന്ദന ലോകമൈതാനം കീഴക്കിയപ്പോഴും അവർക്കു മിണ്ടാട്ടമില്ലായിരുന്നു. തോൽക്കാൻ കാത്തിരിക്കുകയായിരുന്നു ജാതി ഭ്രാന്തന്മാർ. 

വന്ദനയുടെ കുടുംബം നേരിട്ട പരിഹാസത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നു, 3 പേരെ അറസ്റ്റ് ചെയ്തു – പക്ഷേ, മന്ത്രിമാരോ സിനിമാ താരങ്ങളോ ഭരണകൂടമോ കായിക ഇതിഹാസങ്ങളോ ഒന്നും ആ കാടത്തത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. വന്ദനയ്ക്കു പരസ്യമായി പിന്തുണ നൽകിയത് ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ മാത്രം. ഉത്തരാഖണ്ഡിലെ വനിതാ –ശിശുക്ഷേമ അംബാസഡറായി വന്ദനയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയപ്പോഴും ജാതിയുടെ പേരിലുള്ള തരംതാണ ആക്രമണത്തെക്കുറിച്ച് സംസാരിച്ചില്ല. 

5 രൂപയ്ക്ക് കൂലിപ്പണിയെടുത്തവർ; പാടത്തു പണിക്കു പോയവർ

വനിതാ ഹോക്കി ടീമിലെ  ഒരോരുത്തരും ഓരോ കഥകളാണ് – നിരന്തര പരിശ്രമത്തിന്റെയും കഷ്ടപ്പാടുകളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപിന്റെയും തോറ്റാലും തളരില്ലെന്ന ഉറപ്പിന്റെയും കഥകൾ. പൊട്ടിയ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് കളി പഠിച്ചെടുത്തവർ, ഷൂവും വേഷവും വരെ പങ്കുവച്ച് ഉപയോഗിച്ചവർ, പോഷകാഹാരം കിട്ടാതെ വളർന്നവർ, ദാരിദ്ര്യം കൊണ്ട് പാടത്തു പണിക്കു പോയ ആദിവാസികൾ, ഫാക്ടറിയിൽ 5 രൂപയ്ക്കു കൂലിപ്പണിക്കു പോയവർ, മദ്യപാനിയായ അച്ഛന്റെ ഉപദ്രവത്തിൽ നിന്നു രക്ഷപ്പെടാനെത്തിയവർ – അവരാണ് ഒരു ടീമായത്, ഇന്ത്യയുടെ ശിരസ്സ് ഉയർത്താൻ ഒളിംപിക്സിൽ പോയത്. 

ഭക്ഷണം കിട്ടാനും വീട്ടിലെ കഷ്ടപ്പാടു മാറ്റാനും സ്പോർട്സിലേക്ക് എത്തിയവരാണു പലരും. വന്ദനയുടെ സഹോദരിമാരും ഹോക്കി കളിച്ചിരുന്നു. അവർക്കെല്ലാം കൂടി ഒരു ഹോക്കി സ്റ്റിക്, ഒരേയോരു ജോഡി ഷൂസ്. അവരതു പങ്കുവച്ചു. പല സമയങ്ങളിൽ പ്രാക്ടീസിനിറങ്ങി. ആണുങ്ങളെപ്പോലെ ഗ്രൗണ്ടിലിറങ്ങുന്നുവെന്ന ആക്ഷേപം കേട്ടെങ്കിലും വന്ദന തളർന്നില്ല. നാട്ടിലെ പ്രബല സമുദായക്കാരുടെ കളിയാക്കലുകളിൽ കുലുങ്ങിയുമില്ല. 

2 വർഷമെടുത്തു അവരൊന്നു മുഖത്തു നോക്കാൻ

തോൽക്കാത്ത മനസ്സും കഠിനമായ പരിശ്രമവും കൊണ്ടാണ് വനിതാ ഹോക്കി ടീമിലെ ഓരോരുത്തരും രാജ്യത്തിനു വേണ്ടി കളിക്കാനുള്ള ടീമിന്റെ ഭാഗമായത്. പക്ഷേ, രാജ്യാന്തര തലത്തിൽ മത്സരിക്കാനും മികവു കാട്ടാനും അതു മാത്രം പോരായിരുന്നു. ചിട്ടയായ പരിശീലനം, പ്രത്യേക ഭക്ഷണം, ആത്മവിശ്വാസമുയർത്താനുള്ള സെഷനുകൾ – ഇവയെല്ലാം ആവശ്യമായിരുന്നു. ടീമിലെത്തിയ വിദേശ കോച്ച് നീൽ ഹോഗുഡ് പറഞ്ഞത് ഇങ്ങനെയാണ്, ‘എല്ലാവർക്കും കഴിവുണ്ട്. എന്നാൽ, ധൈര്യമില്ല. അവർ വളർന്ന സാമൂഹിക സാഹചര്യങ്ങൾ അത്രയ്ക്ക് ആഴത്തിലാണ് അവരുടെ ആത്മവിശ്വാസത്തെ കെടുത്തിയത്. പരിശീലനം തുടങ്ങി 2 വർഷത്തിനു ശേഷമാണ് ടീമിലെ ചിലർ എന്റെ മുഖത്തു നോക്കാനുള്ള ധൈര്യം പോലും നേടിയത്.’

indian-women-hockey
ഇന്ത്യൻ വുമൻ ഹോക്കി ടീം

ഭക്ഷണമായിരുന്നു അടുത്ത കടമ്പ. വളരുന്ന പ്രായത്തിൽ മികച്ച ഭക്ഷണം കിട്ടാത്തതിന്റെ കുറവ് പലർക്കുമുണ്ടായിരുന്നു. വീടുകളിലെ സാധാരണ ആഹാരം ശീലിച്ചവർക്ക് പ്രത്യേക സ്പോർട്സ് ഡയറ്റിന്റെ രുചിപോലും ആദ്യം പിടിച്ചില്ല. വളരെ കഷ്ടപ്പെട്ടാണ് അവർ ആഹാരശീലങ്ങളെ മാറ്റിയെടുത്തത്. ‘ദിവസം അരലീറ്റർ പാൽ കുടിക്കാൻ കൊണ്ടുവരണമെന്നു ഹോക്കി പരിശീലനകേന്ദ്രത്തിൽ നിബന്ധനയുണ്ടായിരുന്നു. എന്നാൽ, വീട്ടുകാർ എത്ര കഷ്ടപ്പെട്ടിട്ടും 200 മില്ലിയേ കൊണ്ടുവരാനായിരുന്നുള്ളു. അതിൽ വെള്ളം ചേർത്ത് അരലീറ്ററുണ്ടെന്നു പറഞ്ഞു കുടിക്കും. എന്റെ കോച്ച് ആണ് ഭക്ഷണം പോലും കൊണ്ടുത്തന്നിരുന്നത്’ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ പറയുന്നു. 

rani-rampal-2
റാണി രാംപാൽ∙ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ

2016ൽ ആദ്യമായി ഒളിംപിക്സിനു യോഗ്യത നേടിയതു മുതൽ ഇത്തവണത്തെ സ്വപ്നക്കുതിപ്പ് വരെ വളർന്നത് ഈ പെൺകുട്ടികളാണെന്നോർക്കണം. ജാതിയിൽ കുറഞ്ഞവരാണെന്നു കളിയാക്കുന്ന ചില മേൽക്കോയ്മക്കാർക്ക് കണ്ണില്ലെന്നുറപ്പ്, അല്ലെങ്കിൽ ഈ നേട്ടങ്ങളെന്തെങ്കിലും അവർ കാണാതിരിക്കുമോ?

നഗ്നരാക്കി നടത്തൽ, മൂത്രം കുടിപ്പിക്കൽ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാടിന് ഇതുവരെ രാജ്യത്തിനകത്തെ ജാതി അടിസ്ഥാനമാക്കിയുള്ള ഏകാധിപത്യം അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. ദലിതരെ തൊടാനും അവരുണ്ടാക്കിയ ഭക്ഷണം കഴിക്കാനും മടിക്കുന്നവർ, ദലിതർക്കൊപ്പം ഇരിക്കാത്തവർ – അതിക്രമങ്ങളിൽ ഇവയൊക്കെ ഏറ്റവും താഴത്തെ അറ്റത്താണ്. കെട്ടിയിട്ടു തല്ലുക, കൂട്ടം ചേർന്നു ലൈംഗികമായി പീഡിപ്പിക്കുക, തുപ്പിയ ഭക്ഷണം കഴിപ്പിക്കുക, മൂത്രം കുടിപ്പിക്കുക, സ്ത്രീകളെയും കുട്ടികളെയും നഗ്നരാക്കി നടത്തുക, ഊരുവിലക്ക് ഏർപ്പെടുത്തുക, കാലും ചെരിപ്പും നക്കിക്കുക, വിസർജ്യം കോരിക്കുക അങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ ദലിതരോടു കാട്ടുന്ന ക്രൂരതകൾക്കു കണക്കില്ല. ചെരിപ്പ് ധരിച്ചാൽ, കൂളിങ് ഗ്ലാസ് വച്ചാൽ, ചിരിച്ചാൽ, പാട്ടുപാടിയാൽ, നല്ല വസ്ത്രമിട്ടാൽ, ക്ഷേത്രവഴിയിലൂടെ നടന്നാൽ ദലിതരെ ആക്രമിക്കുന്ന സംഭവങ്ങളാണ് തമിഴ്നാട്ടിലും രാജസ്ഥാനിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലുംനിന്ന് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഉന്നതപദവികളിലെത്തുന്ന ദലിത് വിഭാഗക്കാരുൾപ്പെടെ സഹിക്കേണ്ടി വരുന്ന കളിയാക്കലുകളും അടക്കിച്ചിരികളും കുത്തുവാക്കുകളും ഹൃദയം പിളർക്കും. 

മരിച്ചാലും വെറുതെ വിടില്ല

രാജസ്ഥാനിലെ ടോങ്കിലുള്ള പൊതുശ്മശാനത്തിൽ ദലിതരുടെ സംസ്കാരം അനുവദിക്കില്ല. തമിഴ്നാട്ടിലെ വെല്ലൂരിൽ ദലിതർക്കുള്ള ശ്മശാനത്തിലേക്കുള്ള വഴി മറ്റുള്ളവർ അടച്ചതിനാൽ, മൃതദേഹങ്ങൾ പുഴയിൽ തള്ളേണ്ട ഗതികേട്. തമിഴ്നാട്ടിലെതന്നെ നാഗപട്ടണം ജില്ലയിൽ മൃതദേഹങ്ങളുമായി പുഴയിലൂടെ പോകണം ശ്മശാനത്തിലേക്ക്; വെള്ളം കുറവുള്ളപ്പോൾ മൃതദേഹവുമായി അവർ പുഴയിലൂടെ നടന്ന് മറുകരയിലെ ശ്മശാനത്തിലെത്തും. വെള്ളം കൂടുതലാണെങ്കിൽ വള്ളമിറക്കണം. പ‌ാലം വേണമെന്ന ആവശ്യം ആരും കേട്ടിട്ടില്ല. താമസിക്കുന്ന കോളനിക്കടുത്ത് ശ്മശാനം അനുവദിക്കാൻ മറ്റു  സമുദായക്കാർ സമ്മതിക്കുന്നുമില്ല. ആഗ്രയിൽ ചിതയിൽനിന്നാണു ദലിത് സ്ത്രീയുടെ മൃതദേഹം മറ്റു സമുദായക്കാർ വലിച്ചു പുറത്തിട്ടത്. അശുദ്ധമാകുമത്രേ. 

tn-dalit
വെല്ലൂരിൽ ശ്മശാനത്തിലേക്കുള്ള വഴി ഇതരജാതിക്കാർ അടച്ചതിനാൽ‍ മൃതദേഹം പുഴയിൽ തള്ളുന്ന ദളിതർ∙ വിഡിയോദൃശ്യം

തൊട്ടുകൂടായ്മയുടെ മതിൽ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 9 അടി ഉയരത്തിൽ തൊട്ടുകൂടായ്മയുടെ മതിൽ പണിതിരിക്കുന്നു. കൽക്കന്തർ കോട്ടൈയിൽ ദലിതരുടെ 6 കോളനികളെ തങ്ങളുടെ കൃഷിസ്ഥലത്തുനിന്നു വേർതിരിച്ചു നിർത്താനാണ് മറ്റു സമുദായക്കാർ മതിൽ നിർമിച്ചത്. ഇത്രകാലവും ആ കൃഷിയിടങ്ങളിൽ ജോലിയെടുത്തിരുന്നതു ദലിത് കുടുംബങ്ങളുണ്ട്. ഇപ്പോൾ സ്ഥലം റിയൽ എസ്റ്റേറ്റുകാർക്ക് വിൽക്കാൻ തീരുമാനിച്ചതോടെയാണു മതിൽ കെട്ടിയത്. 

untouchability-wall
തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളിയിൽ ഉയർന്ന അയിത്ത മതിൽ

പല ക്ഷേത്രങ്ങളിലും ദലിതർക്കുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുന്നു. ഹിമാചൽ പ്രദേശിൽ സാമൂഹിക ക്ഷേമമന്ത്രി രാജീവ് സയ്സാലിനു തന്നെ ഇതു നേരിടേണ്ടി വന്നു. കഴിഞ്ഞ വർഷം ഔദ്യോഗിക സന്ദർശനത്തിനായി ഒരു ക്ഷേത്രത്തിലെത്തിയപ്പോഴാണ് ദലിത് ആണെന്നതിന്റെ പേരിൽ അദ്ദേഹത്തെ മാറ്റിനിർത്തിയത്. തമിഴ്നാട് മധുരയിലെ പെക്കമൻ കറുപ്പസാമി ക്ഷേത്രത്തിൽ ഈ മാസമാണ് ചരിത്രത്തിൽ ആദ്യമായി എല്ലാ ദലിതർക്കും അനുവദിച്ചത്. ക്ഷേത്ര കാര്യങ്ങൾ നോക്കുകയും പൂജയുൾപ്പെടെ നടത്തുകയും ചെയ്യുന്ന 20 ദലിത് കുടുംബങ്ങൾക്കു മാത്രമായിരുന്നു ഇതുവരെ പ്രവേശനം. എന്തൊരു വൈരുധ്യം! 

agra-dalit
ആഗ്രയിൽ ദളിത് സ്ത്രീയുടെ മൃതദേഹം ചിതയിൽ വച്ചതിനു ശേഷം എടുത്തു മാറ്റുന്നു

ദലിത് വിഭാഗങ്ങളിൽതന്നെ വീണ്ടും വേർതിരിവ്. ഗോത്രവർഗങ്ങൾക്കിടയിൽ ഉൾപ്പെടെ നിലനിൽക്കുന്ന കല്യാണ വിലക്കും അതു ലംഘിക്കുന്നവരെ ഇല്ലാതാക്കുന്ന ദുരഭിമാനക്കൊലകളും നമുക്ക് പതിവു വാർത്തകളാണല്ലോ. മറ്റു ജാതിക്കാരെ കാണുമ്പോൾ മുതുകു വളച്ചു നിൽക്കണം, മേൽമുണ്ട് അഴിച്ച് അരയിൽ കെട്ടണം, മുഖത്തു നോക്കാതെ സംസാരിക്കണം,, മറ്റുള്ളവർ ഉപയോഗിക്കുന്ന കിണറിൽ നിന്നു വെള്ളമെടുക്കരുത് തുടങ്ങിയ ‘നിയമങ്ങൾ’ മിക്ക പ്രദേശങ്ങളിലുമുണ്ട്. 

ഹൈദരാബാദ് ചിൽകൂർ ബാലാജി ക്ഷേത്രത്തിലെ പുരോഹിതൻ രംഗരാജൻ, ദലിത് യുവാവിനെ ചുമലിലേറ്റി ശ്രീകോവിലിൽ എത്തിച്ച് ഇരുവരും ചേർന്നു പൂജനടത്തിയത് 2018ലാണ്. അന്ന് അദ്ദേഹം കൂടിനിന്നവരോട് ഈ കഥ പറഞ്ഞു – കാലങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് തിരുപ്പഗം ആൾവാർ എന്ന മഹാഭക്തനെ പുരോഹിതൻ കല്ലെറിഞ്ഞോടിച്ചു. ക്ഷേത്രപരിസരത്തുപോലും നിർത്താൻ അനുവദിക്കാതെ തുരത്തി. ചോരവാർന്ന് ആൾവാർ മടങ്ങിപ്പോയി. തിരികെയെത്തിയ പുരോഹിതൻ ശ്രീകോവിലിൽ കയറിയപ്പോൾ വിഗ്രഹവും കല്ലേറു കൊണ്ടതുപോലെ ചോരവാർന്നു നിൽക്കുന്നു. തെറ്റുമനസ്സിലാക്കിയ പുരോഹിതൻ ഉടൻ ആൾവാരെ ചുമലിലേറ്റി ക്ഷേത്രത്തിനുള്ളിലേക്കു കൊണ്ടുവന്നു– ഈ ഓർമയിലാണു രംഗരാജനും ദലിത് യുവാവിനെ ചുമലിലേറ്റിയതെന്ന്. ദൈവം പോലും ചോരവാർന്നു പറഞ്ഞിട്ടും മനുഷ്യർക്ക് വിവേചനം അവസാനിപ്പിക്കാനായില്ലല്ലോ എന്ന ചോദ്യം ബാക്കിയാകുന്നു. 

പീഡനത്തിനിരയാകുന്ന കുട്ടികളിൽ 22% ദലിതർ

ഡൽഹിയിൽ വെള്ളമെടുക്കാൻ പോയ ദലിത് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടൽ മാറിയിട്ടില്ല. മകളെ തേടിയെത്തിയ അമ്മ അവളുടെ മൃതദേഹം കണ്ട് അലറിവിളിച്ചപ്പോൾ തിടുക്കത്തിൽ സംസ്കരിക്കാനായിരുന്നു പുരോഹിതനുൾപ്പെടെയുള്ള പ്രതികളുടെ നീക്കം. പൊലീസിനെ അറിയിച്ചാൽ പോസ്റ്റ്മോർട്ടം ഉണ്ടാകുമെന്നും അവയവങ്ങൾ അവരെടുത്തു വിൽക്കുമെന്നും പറഞ്ഞു പേടിപ്പിച്ച് ഉടൻ അവളെ സംസ്കരിച്ചു. ഹത്രസ് പെൺകുട്ടിയുടെ നിലവിളി ഇപ്പോഴും ഇന്ത്യയുടെ ചെവികളിലുണ്ട്. അന്ന് കുറ്റവാളികളായ താക്കൂർ വിഭാഗക്കാരെ സംരക്ഷിക്കാൻ വൻ റാലി നടന്നതും മറക്കാറായിട്ടില്ല. 

ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളിൽ 22 ശതമാനവും ദലിതരാണെന്നാണു നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2019ലെ കണക്ക്. ദിവസവും 4 ദലിത് സ്ത്രീകളെങ്കിലും ബലാൽസംഗത്തിനിരയാകുന്നു. നിയമപാലകർ ദലിതർക്കെതിരെയുള്ള അക്രമങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാത കുറ്റകൃത്യങ്ങൾ ഇനിയുമ‌െത്രയോ ഉണ്ടാകും. എല്ലാ മതങ്ങളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉയർന്ന– താഴ്ന്ന വിഭാഗങ്ങൾ എന്ന ചിന്ത വേരുറപ്പിച്ചിട്ടുണ്ട്. മതങ്ങൾ തമ്മിലുള്ള വൈരത്തിനു പുറമേയാണ് പല തട്ടുകളിലുള്ള ഈ വേർതിരിവുകളും. 

മറ്റു സംസ്ഥാനങ്ങളിലേതുപോലെ പ്രകടമാകുന്ന ക്രൂരതകളും വേർതിരിവുകളും വളരെ കുറവാണെങ്കിലും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങൾ കേരളത്തിലുമുണ്ടാകുന്നു. പുറമേ, തുല്യതയുടെ വക്താക്കളാകുന്ന പലരും ഉള്ളിൽ ദലിതർക്കു നേരെ പരിഹാസക്കൂരമ്പുകൾ അയയ്ക്കുന്നു. കേരളത്തിലെ ആദിവാസികൾ ഉൾപ്പെടെ അവഗണനയുടെ അങ്ങേയറ്റം അനുഭവിക്കുന്നു. മധുവിനെ കൂട്ടം ചേർന്നു കൊലപ്പെടുത്തിയതിന്റെ പാപക്കറ എന്നു മായും? ദുരഭിമാനക്കൊലകളുടെ കഥകളും കേരളം കേട്ടു തുടങ്ങിയിരിക്കുന്നു. 

ജനിച്ച ദേശവും പ്രശ്നമാണോ?

ഞങ്ങളെ ഇന്ത്യക്കാരായി അംഗീകരിക്കാൻ ആരെങ്കിലും ഒളിംപിക് മെഡൽ കൊണ്ടുവരണം. എന്നാണ് ഈ വിവേചനം തീരുക? ഫിറ്റ്നസ് സ്പെഷലിറ്റ് അങ്കിത കോൻവാർ എന്ന അസംകാരിയുടെ ചോദ്യമാണിത്. മണിപ്പുരിൽ നിന്നുള്ള മീരബായ് ചാനു ഭാരോദ്വഹനത്തിൽ ഒളിംപിക് വെള്ളിമെഡൽ നേടിയപ്പോൾ ‘ഇന്ത്യയുടെ പുത്രി’ എന്നു രാജ്യം വാഴ്ത്തിയതിനെക്കുറിച്ചാണ് അങ്കിത പറയുന്നത്. ബോക്സിങ്ങിൽ മേരി കോം, സ്വപ്നസമാനമായ മുന്നേറ്റം നടത്തിയ ഹോക്കി ടീമിലെ ലാൽറെംസിയാമി മർസോട്ടെ തുടങ്ങിയവർ ഉൾപ്പെടെയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ (നോർത്ത് – ഈസ്റ്റ്) സംസ്ഥാനങ്ങളുടെ മുഖങ്ങളിപ്പോൾ. മറ്റു സമയങ്ങളിൽ അവർക്കു മുഖമില്ല. ചിങ്കി, മോമോ, ചൗമീൻ, ചൈനീസ്, നേപ്പാളി എന്നിങ്ങനെയാണു കളിയാക്കി വിളിക്കുക. പുതിയൊരു പേരുകൂടിയുണ്ട് – കൊറോണ. 

അരുണാചൽ പ്രദേശ് എംഎൽഎയുടെ മകൻ നിദോ താനിയ 2014ൽ ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവർ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു. പക്ഷേ, അന്യരാജ്യക്കാരെന്ന മട്ടിൽ അവരോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ വിവേചനം തുടരുകയാണ്. മേരി കോമിന്റെ കഥ സിനിമയായപ്പോൾ എന്തുകൊണ്ടാണ് വടക്കു കിഴക്കൻ മേഖലയിലെ നടിയെ നായികയാക്കാത്തത് എന്ന ചോദ്യവുമുയർന്നു. ലിൻ ലായ്ശ്രം എന്ന നടി പറയുന്നു, ‘സ്പാ ജീവനക്കാരി, വെയ്ട്രസ്, അനാശാസ്യത്തിൽ ഏർപ്പെടുന്നവൾ തുടങ്ങിയ റോളുകളേ ഞങ്ങൾക്കു ബോളിവുഡ് സിനിമ തരുന്നുള്ളൂ. അതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് എന്റെ സിനിമാ ജീവിതം.’

മനുഷ്യരേ, ലജ്ജ തോന്നുന്നു

എനിക്കും അവനും അവൾക്കും രണ്ട് കണ്ണ്, ഒരു മൂക്ക്, ഒരു വായ് – ഞങ്ങളെല്ലാം മനുഷ്യർ. ഈ ലോകത്തെ 700 കോടിയിലേറെ ജനങ്ങൾക്കുള്ളതും ആകെ നാലഞ്ച് ഇനം രക്തഗ്രൂപ്പുകൾ. അതിന്റെയെല്ലാം നിറം ചുവപ്പ്. എല്ലാവരും മരിക്കും, ജീർണിക്കും. ഇതിനിടയിൽ ഞാനും എന്റെ ആൾക്കാരും മാത്രമാണു കേമം, മറ്റുള്ളവർ അധമർ എന്നു ചിന്തിക്കുന്നതിന്റെ അടിസ്ഥാനം എന്തായിരിക്കും? ഇന്ത്യയിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കെല്ലാം ഇത്തരം വിവേചനങ്ങളുടെ ഉള്ളുനീറുന്ന കഥകൾ പറയാനുണ്ട്. യുഎസ് പൊലീസ് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ കരച്ചിൽ എത്രയോ കറുത്തവർഗക്കാരുടെ കൂടി നിലവിളിയാണ്. 

ഓരോ അധിനിവേശവും ഭീകരാക്രമണവും പറയുന്നതും വിവേചനത്തിന്റെ കഥകൾ തന്നെ. ഇപ്പോൾ കോവിഡ് കാലമാണ്. മറ്റു രോഗങ്ങൾ പോലെ തന്നെ കൊറോണ വൈറസിനും ഭേദചിന്തയില്ല. അത് എല്ലാവരെയും ബാധിക്കും, മരണം പോലെ തന്നെ. ലോകം പകച്ചുനിൽക്കുന്ന ഇക്കാലത്തെങ്കിലും നമുക്ക് യഥാർഥ മനുഷ്യരാകാം. പരസ്പരം സ്നേഹിക്കുന്ന, കരുതുന്ന മനുഷ്യർ. തുല്യതയുടെ ലോകം എന്ന സ്വപ്നമെങ്കിലും മങ്ങാതിരിക്കട്ടെ. 

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...