ഡാര്‍ക് വെബിലുടെ മയക്കുമരുന്നു കള്ളക്കടത്ത്, കണ്ടെത്തി ബെംഗളൂരു പൊലീസ്

ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ബെംഗളൂരു പൊലീസ് കണ്ടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. സേര്‍ച്ച് എൻജിനുകള്‍ക്കു പോലും പ്രവേശിക്കാന്‍ സാധിക്കാത്ത ഇന്റര്‍നെറ്റ് ലോകമാണ് ഡാര്‍ക്‌വെബ് അല്ലെങ്കില്‍ ഡാര്‍ക് നെറ്റ്. ഇവിടെ നടക്കുന്ന ഇടപാടുകാര്‍ക്ക് തമ്മില്‍ തമ്മില്‍ അറിയാന്‍ പോലും സാധിക്കണമെന്നില്ല. ഇതിനാല്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായി മാറുകയാണ് ഡാര്‍ക് വെബ്. മയക്കുമരുന്ന്, മോഷ്ടിച്ച ഡേറ്റ, ഹാക്കിങ്ങിനുള്ള സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ മുതല്‍ പോണോഗ്രഫി വരെ ഇവിടെ വ്യാപാരം നടത്തുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ക്രിപ്‌റ്റോകറന്‍സി വഴിയുള്ള പണമടയ്ക്കലിനാണ് ഡാര്‍ക് വെബില്‍ ഏറ്റവും സ്വീകാര്യത.
ഇത്തരം ഒരു ലോകത്തേക്ക് കടന്നു കയറാനായ ബെംഗളൂരു പൊലിസിന് ഇപ്പോള്‍ ഡാര്‍ക് വെബ് നിരീക്ഷണ യൂണിറ്റ് പോലുമുണ്ട്. ഇതിനെല്ലാം തുടക്കമിട്ടത് രാഹുല്‍ തുളസിറാം എന്ന 28-കാരനായ ബിസിനസുകാരന്‍ നഗരത്തിലേക്ക് ധാരാളമായി എന്‍എസ്ഡി എത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കിയതാണ്. അയാളെ ചോദ്യം ചെയ്തതില്‍ നിന്നു മനസ്സിലായത് തമിഴ്‌നാട്ടില്‍ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്നാണ്. അതിനുള്ള പണമടയ്ക്കല്‍ താന്‍ ഡാര്‍ക് വെബ് വഴി നടത്തുന്നുവെന്നും അയാള്‍ വെളിപ്പെടുത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡാര്‍ക്‌വെബിലെ ഇടപാടുകള്‍ പൊലിസിന് എളുപ്പത്തില്‍ കണ്ടെത്താനാകുന്നവ ആയിരുന്നില്ല.
എന്തായാലും, രാഹുലില്‍ നിന്നു ലഭിച്ച വിവരം ഉപയോഗിച്ച് ബെംഗളൂരു പൊലിസ് തമിഴ്‌നാട്ടില്‍ നിന്ന് മയക്കുമരുന്നു കയറ്റിവിടുന്ന വ്യക്തിയുമായി ബന്ധപ്പെടുകയായിരുന്നു. ഇയാള്‍ സേലത്തെ ഒരു പോസ്റ്റ് ഓഫിസ് വഴിയാണ് മയക്കുമരുന്നു അയയ്ക്കുന്നതെന്നു കണ്ടെത്തി. ആ വ്യക്തി സി. ബാലാജി (48) ആണെന്നു മനസ്സിലായതോടെ അയാളും അറസ്റ്റിലായി. തനിക്ക് എല്‍എസ്ഡി എത്തുന്നത് യൂറോപ്പില്‍ നിന്നാണെന്നും ഡാര്‍ക് വെബ് വഴിയുള്ള ഇടപാടുകളാണ് തന്റേതെന്നും അയാള്‍ സമ്മതിച്ചു. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയുള്ള സ്ഥലങ്ങളില്‍ ഡാര്‍ക് വെബില്‍ നിന്നു വാങ്ങിയ മയക്കുമരുന്ന് വിറ്റിരുന്നവരാണ് ബാലാജിക്കൊപ്പം പിടിയിലായത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ മയക്കു മരുന്നു പിടികൂടുന്നതിന്റെ രഹസ്യങ്ങളിലൊന്ന് ഡാര്‍ക് വെബ് നിരീക്ഷണമാണ്. എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയവയുടെ വരവ് നിയന്ത്രിക്കാനായെങ്കിലും കൊക്കെയ്ന്‍ വരുന്ന വഴി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികാരികള്‍ സമ്മതിക്കുന്നു. പൊലിസ് ടീം ആദ്യമായി നടത്തിയ നീക്കങ്ങളിലൊന്നിലാണ് ശ്രീകി (Sriki) എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ ഹാക്കര്‍ ശ്രീകൃഷ്ണാ രമേശും (Srikrishna Ramesh) കൂട്ടാളികളും പിടിയിലായത്. ഇയാളും ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് മയക്കുമരുന്ന് ഡാര്‍ക് വെബില്‍ നിന്നു വാങ്ങിയിരുന്നു.
∙ മെറ്റാവേഴ്‌സുമായി സക്കര്‍ബര്‍ഗ് മുന്നോട്ട്
ഫെയ്സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നടക്കാത്ത സ്വപ്‌നമാണ് മെറ്റാവേഴ്‌സ് (https://bit.ly/3B25bFL) എന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും തന്റെ ഉദ്യമവുമായി മുന്നേറുകയാണ് അദ്ദേഹം. ഇതിന്റെ ആദ്യപടിയായി ഒരു വെര്‍ച്വല്‍ റിയാലിറ്റിറിമോട്ട് വാര്‍ക് ആപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആപ് ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ഒക്യുലസ് ക്വെസ്റ്റ് 2 ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 'അവതാര്‍' സൃഷ്ടിച്ച് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഹൊറൈസണ്‍ വര്‍ക്‌റൂംസ് എന്നാണ് ആപ്പിന്റെ പേര്. തുടക്കത്തില്‍, കോവിഡ്-19നെ തുടര്‍ന്ന് വര്‍ക് ഫ്രം ഹോം തുടരുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി ഇതു മാറിയേക്കാം.
ലോകത്തെ ഏറ്റവും ബൃഹത്തായ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക് വന്‍ നിക്ഷേപമാണ് വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി മേഖലകളില്‍ നടത്തുന്നത്. ഒക്യുലസ് വിആര്‍ ഹെഡ്‌സെറ്റുകള്‍, ഓഗ്‌മെന്റഡ് റിയാലിറ്റി കണ്ണടകള്‍, റിസ്റ്റ് ബാന്‍ഡ് തുടങ്ങിയവയുടെ നിര്‍മാണം ഇപ്പോള്‍ തകൃതിയായി നടക്കുന്നു എന്നതിനു പുറമെ, നിരവധി വിആര്‍ ഗെയിമിങ് സ്റ്റുഡിയോകള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. ഈ മേഖലയിലുള്ള സമഗ്രാധിപത്യമാണ് സക്കര്‍ബര്‍ഗിന്റെ കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ ഈ മേഖലയില്‍ ഫെയ്‌സ്ബുക്കിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നു കരുതുന്നവരും ഉണ്ട്.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഹൊറൈസണ്‍ വര്‍ക്‌റൂംസ് ആപ് വരാനിരിക്കുന്ന മെറ്റാവേഴ്‌സിന് നല്ലൊരു ആമുഖമായിരിക്കും എന്നാണ് ഫെയ്‌സ്ബുക്കിന്റെ വൈസ് പ്രസിഡന്റായ ആന്‍ഡ്രൂ ബോസ്‌വര്‍ത് പറഞ്ഞത്. പുതിയ ആപ് ഫ്രീയാണ്. എന്നാല്‍, അത് ഉപയോഗിക്കണമെങ്കില്‍ 300 ഡോളര്‍ വിലയുള്ള ക്വെസ്റ്റ് 2 ഹെഡ്‌സെറ്റ് വേണം. ഇതു വഴി 16 പേര്‍ക്കാണ് ഇപ്പോള്‍ പരസ്പരം ഇടപെടാനാകുന്നത്. അതേസമയം വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഇതു വീക്ഷിക്കുന്നവരുടെ എണ്ണവും കൂട്ടിയാല്‍ മൊത്തം 50 പേര്‍ക്ക് പങ്കെടുക്കാം. ഇതിന്റെ ഉപയോഗത്തിന് കൃത്യമായ നിയമങ്ങളും ഉണ്ട്. അവ തെറ്റിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒക്യുലസിന് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കും.

∙ വന്‍ പുനരുദ്ധാരണ പദ്ധതി വേണമെന്ന് ടെലികോം മേഖല
ഇന്ത്യന്‍ ടെലികോം വ്യവസായികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുനരുദ്ധാരണ പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തു നല്‍കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ്, ധന മന്ത്രാലയം, ക്യാബിനറ്റ് സെക്രട്ടറി എന്നിവര്‍ക്കാണ് കത്ത് നൽകിയത്. നികുതികള്‍, സ്‌പെക്ട്രം വാടകയ്ക്കു നല്‍കുന്ന കാലാവധി, കടം തിരിച്ചടയ്ക്കാനുള്ള രീതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇളവുകള്‍ ചോദിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് കാണുമ്പോഴും സ്‌പെഷല്‍ ഓഡിയോ
നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്കും ആപ്പിളിന്റെ സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍ ഐഫോണ്‍, ഐപാഡ് ഉപകരണങ്ങള്‍ വഴി ആസ്വദിക്കാം. താരതമ്യേന പുതിയ ഫോണുകളിലും ഐപാഡിലും മാത്രമാണ് സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍ ഉള്ളത്. ഇതുള്ള ഡിവൈസുകളുടെ സെറ്റിങ്ങ്സില്‍ കണ്ട്രോള്‍ സെന്ററില്‍ സ്പെഷല്‍ ഓഡിയോ ഫീച്ചര്‍ കാണാം. എന്നാല്‍, എയര്‍പോഡ്‌സ് പ്രോ, എയര്‍പോഡ്‌സ് മാക്‌സ് എന്നിവ കൂടി കൈയ്യില്‍ ഉണ്ടെങ്കിലെ ഇത് ഇപ്പോള്‍ ആസ്വദിക്കാന്‍ സാധിക്കൂ. ഐഒഎസ് 15ല്‍ പുതിയ സ്‌പെഷലൈസ് സ്റ്റീരിയോ ഓപ്ഷനും വരുന്നുണ്ട്. നിങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ആപ്പില്‍ സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍, ഉപയോഗിക്കുന്നത് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കില്ലെന്നു പറയുന്നു.
∙ അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ അലക്‌സ സംസാരിക്കും!
ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് അലക്‌സയ്ക്ക് ഇന്ത്യയിലെ ആദ്യ സെലബ്രിറ്റി ശബ്ദം ലഭിക്കുന്നു എന്ന വാര്‍ത്ത നേരത്തെ വന്നതാണ്. കമ്പനിയുടെ എക്കോ സ്പീക്കറുകളോ, ഷോപ്പിങ് ആപ്പോ (ആന്‍ഡ്രോയിഡ്) ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ബച്ചന്റെ ശബ്ദം കേള്‍ക്കാനാകുക. അതേസമയം, ബച്ചന്റെ ശബ്ദത്തില്‍ അലക്‌സ സംസാരിക്കുന്നതു കേള്‍ക്കമണെന്നുള്ളവര്‍ പണം അടയ്ക്കണം. തുടക്ക ഓഫര്‍ പ്രകാരം പ്രതിവര്‍ഷം 149 രൂപയാണ് നല്‍കേണ്ടത്. ബച്ചന്റെ ജിവിതത്തെപ്പറ്റിയുള്ള കാര്യങ്ങള്‍, അദ്ദേഹത്തിന്റെ അച്ഛന്റെ കവിതകള്‍, പ്രചോദനം നല്‍കുന്ന ഉദ്ധരണികള്‍, നാവു കുഴക്കുന്ന വാചകങ്ങള്‍ തുടങ്ങിയവയൊക്കെയായിരിക്കും ലഭ്യമാക്കുക എന്ന് ആമസോണ്‍ പറയുന്നു.
Comments
Post a Comment
Happy to hear you!