ഉറങ്ങിപ്പോയ വിദ്യാലയങ്ങൾ..
വിദ്യാലയങ്ങൾ എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് കൂട്ടമണി അടിക്കുമ്പോ അസംബ്ലിക്കായി ഓടി വന്നു വരി വരിയായി നിൽക്കുന്ന കുട്ടികളെയും... ഇടവേളകളിൽ സ്കൂൾ മുറ്റത്തു ഓടികളിയും വീഴ്ചകളും കരച്ചിലുകളും ഒക്കെയായി ഒരു ബഹളമാണ്...
ചെറിയ കുട്ടി ആയിരുന്നപ്പോ കൂടെ സ്കൂളിൽ പോകാൻ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല... പഠിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല... കൂട്ടുകാരെ കാണാനും നിറയെ സംസാരിക്കാനും... കളിക്കാനും... ചാമ്പക്ക, ലൂബിക്ക, ചെമ്പകപ്പൂ, പുളിങ്കുരു തുടങ്ങിയവ പരസ്പരം പങ്കുവെക്കാനും ഒക്കെ ഉള്ള ഒരു ആവേശം ആയിരുന്നു സത്യത്തിൽ അന്നത്തെ സ്കൂളിൽ പോക്കിന്റെ ഒരേ ഒരു ഉദ്ദേശം..
വർത്താനം പറയുന്നവരുടെ പേരെഴുതുന്ന ഒരു ഏർപ്പാടുണ്ടല്ലോ... ആദ്യത്തെ കൂട്ടത്തിൽ തന്നെ എന്റെ പേരുണ്ടാവും... അതെഴുതി കഴിഞ്ഞാ ഒരു സമാധാനം ആണ് പിന്നെ ധൈര്യമായി വീണ്ടും വീണ്ടും വർത്താനം പറഞ്ഞു കൊണ്ടേ ഇരിക്കലോ.... പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വരുന്ന അമ്മയോട് ടീച്ചർമാർക് ഒന്നേ പറയാനുണ്ടാവാറുള്ളു... പഠിക്കാൻ മിടുക്കി അല്ലെങ്കിലും വർത്താനം പറയാൻ നല്ല മിടുക്കത്തി ആണ്... ഇവളുടെ വർത്താനം തീരുന്ന കാലം ഉണ്ടാവാറില്ല.... അമ്മ ആലോചിക്കും വീട്ടിലും അതേ ബഹളം തന്നെ ആണല്ലോ ദൈവമേ... സ്കൂളിൽ പോകുന്ന നേരത്താണെ അമ്മക്കിത്തിരി സമാധാനം കിട്ടുന്നത്...
യുവജനോത്സവം ഒക്കെ വന്നാൽ എല്ലാത്തിനും ചാടിക്കേറി പേര് കൊടുക്കും... അതും കലയോടുള്ള അഭിനിവേശം കൊണ്ടൊന്നുമല്ല... പ്രാക്ടീസ് ചെയ്യാൻ പോകുന്ന പീരിയഡ് ഒക്കെ ക്ലാസ്സിൽ ഇരിക്കണ്ടല്ലോ...വീട്ടിൽ നിന്നും തിന്നാൻ ഇഷ്ടമില്ലാത്ത എല്ലാം കൂട്ടുകാരുടെ വീട്ടിൽ നിന്ന് വരുമ്പോൾ അതുവരെ ആ സാധനം കണ്ടിട്ടില്ലാത്ത അത്ര ആർത്തിയോടെ ഒരു തീറ്റയുണ്ട്... എന്നിട്ട് വീട്ടിൽ വന്നു അമ്മയോടൊരു ഉപദേശം ആണ് കടലക്കൂട്ടാൻ വെക്കാൻ അമ്മ ഇനി എന്നാ പഠിക്കാ... അതോകെ ശാലിടെ അമ്മ വെക്കുന്നത്... ചരിത്രം ഇന്നെന്റെ മകനിലൂടെ ആവർത്തിക്കുന്നുണ്ട്... അമ്മക് വല്ലതും ഉണ്ടാക്കാൻ അറിയോ... അഭിനവിന്റെ അമ്മ ഉണ്ടാകുന്ന ബീഫ് കറി എന്നൊക്കെ ചെക്കൻ വന്നു വിളമ്പുമ്പോ... എന്റെ പാവം അമ്മയുടെ മുഖം അറിയാതെ എന്റെ മനസ്സിലൂടെ കടന്നു പോകും...
ഞാൻ ഒക്കെ 3-4 ക്ലാസ്സുകളിൽ പഠിക്കുമ്പോ സ്കൂളിൽ സിനിമ കാണിക്കൊന്നൊരു പരിപാടി ഉണ്ട്... രണ്ടു രൂപയോ മറ്റൊ ആണ്... ഉണ്ണികളേ ഒരു കഥ പറയാം കണ്ടിട്ട് ലാലേട്ടൻ മരിച്ചപ്പോ ഞങ്ങൾ കുട്ടികൾ കൂട്ടനിലവിളി ആയിരുന്നു... ചിത്രം സിനിമയിൽ തടിയനെ രക്ഷിക്കാൻ സായിപ്പ് ചാടുന്നത് ഇപ്പൊ tv യിൽ കാണുമ്പോളും ആ സ്കൂൾ ഹാളിൽ കൂട്ടുകാരും ഒന്നിച്ചിരുന്നു സിനിമ കണ്ടതോർമ്മ വരും...
സ്കൂളിൽ നിന്നും വിനോദയാത്ര പോകുന്നൊരു പരിപാടി ഉണ്ടല്ലോ...ആദ്യത്തെ യാത്ര എറണാകുളം ആയിരുന്നു... അന്നൊക്കെ എറണാകുളത്തു പോകുക എന്ന് പറയുമ്പോ ബോംബെക്കോ ഡൽഹിക്കോ ഒക്കെ പോകുന്ന ഒരു പത്രാസായിരുന്നു... സുഭാഷ് പാർക്ക്, ബോട്ട് ജെട്ടി, മോഡേൺ ബ്രെഡ് കമ്പനി അതൊക്കെ ആയിരുന്നു ആ വൺ ഡേ ട്രിപ്പ്.. ഇന്നിപ്പോ സ്വന്തം കാർ ഡ്രൈവ് ചെയ്തു പോകുമ്പോളും അന്നത്തെ കുഞ്ഞു മനസ്സിന്റെ സന്തോഷം കൊണ്ടുവരാൻ ആവുന്നില്ല ഒരു യാത്രകൾക്കും..
സയൻസ് എക്സ്ബിഷൻ വരുമ്പോൾ ഒരു വെപ്രാളം ആണ്... കഴിഞ്ഞ കൊല്ലത്തേക്കാൾ മികച്ചത്.. ആരും ഉണ്ടാക്കാത്ത ഓരോ പരീരക്ഷണങ്ങൾ ഒക്കെ ചെയ്തു വല്ല തേർഡ് പ്രൈസ് എങ്ങാനും കിട്ടിയാലായി... എന്നാലും മനസ്സിൽ ഒരു ശാസ്ത്രജ്ഞ ആയ സന്തോഷം ആയിരുന്നു..
ഓണം വരുമ്പോൾ.. ക്രിസ്മസ് വരുമ്പോൾ ഒക്കെയും.. ഓണപ്പൂക്കള മത്സരം പുൽക്കൂടു മത്സരം... അടുത്ത ക്ലാസുകാരെക്കാൾ മികച്ചത് ഉണ്ടാക്കാനുള്ള കൂട്ടായ ഒരു പ്രയത്നം ഉണ്ടായിരുന്നു കുട്ടികൾക്കിടയിൽ.. കോൺവെൻറ് സ്കൂളിൽ ആയിരുന്നതിനാൽ ഈ ദിവസങ്ങളിൽ ആയിരുന്നു കളർ ഡ്രസ്സ് ഇടാൻ അനുവാദം ഉണ്ടായിരുന്നത്..അങ്ങനെ എത്ര എത്ര സുഖമുള്ള ഓർമകൾ ആയിരുന്നു ഓരോ വിദ്യാലയവും നൽകിയിരുന്നത്...
ഇന്നിപ്പോ LKG കഴിഞ്ഞു UKG യിൽ ആയ കുട്ടികൾ പഠനം തുടങ്ങി രണ്ടു വർഷം ആയിട്ടും സ്കൂളിൽ പോകുകയോ ടീച്ചറെയോ മറ്റു സഹപാഠികളെയോ കാണുകയോ പോലും ചെയ്യാതെ പഠനം തുടരുന്നു... സാഹചര്യം അങ്ങനെ ആയതു കൊണ്ടു മാത്രം കുട്ടികൾക്കു നഷ്ടപ്പടുന്ന ഒരുപാട് കാര്യങ്ങൾ ആണ് നമ്മൾ അനുഭവിച്ചു പോന്ന ഈ ഓരോരോ ഓർമകളും...
ഉറങ്ങിപോയ വിദ്യാലയങ്ങൾ ആണ് നമുക്ക് ചുറ്റും... ഓരോ സ്കൂളിന് മുന്നിലൂടെ പോകുമ്പോളും ഞാൻ ആലോചിക്കുക... ഈ സ്കൂളിനും ഒരു ജീവൻ ഉണ്ടായിരുന്നില്ലേ... അതിന്റെ ജീവൻ അവിടത്തെ കുട്ടികൾ ആയിരുന്നില്ലേ... ഓരോ ക്ലാസ്സ് റൂമികളും നിറയെ പൊടി പിടിച്ചു ജനലിലൂടെയും മറ്റും പുല്ലും വള്ളികളും കയറി കിടക്കുന്നത് പത്രങ്ങളിൽ കാണുമ്പോ മനസ്സ് പിടയാറുണ്ട്... കുട്ടികളുടെ കളിചിരികളില്ലാത്ത സ്കൂൾ മുറ്റം നിറയെ പുല്ലു നിറഞ്ഞു കാണുമ്പോൾ... സ്കൂളുകളും ശാപമോക്ഷം കാത്തു കിടക്കുന്ന അഹല്യയെ ഓർമിപ്പിക്കുന്നു...
കുഞ്ഞുങ്ങൾ ഇല്ലാത്ത വീട് ആളൊഴിഞ്ഞ പൂരപ്പറമ്പിനു സമാനമാണ്... കുട്ടികൾ വരാതെ ഉറങ്ങി കിടക്കുന്ന വിദ്യാലയം മക്കളെ നഷ്ടപെട്ട അമ്മമാർക്ക് തുല്യവും... ഇന്നത്തെ സാഹചര്യങ്ങൾ മാറി കുഞ്ഞുങ്ങൾക്കും അവരെ കാത്തു കിടക്കുന്ന വിദ്യാലയങ്ങൾക്കും ഒരുപോലെ സന്തോഷിക്കാനുള്ള ഇടമാകട്ടെ... മനസ്സ് തുറന്നു സന്തോഷിക്കാനും ജീവിതകാലം മുഴുവൻ താലോലിക്കാനുമുള്ള ഓർമ്മകൾ നെയ്തെടുക്കാൻ അവർക്ക് അവിടന്ന് കഴിയട്ടെ...
Comments
Post a Comment
Happy to hear you!