Skip to main content

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ.

      
ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. 

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. 

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 

1.ചങ്ങാലിക്കോടൻ 

കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു. ആൺപൂക്കൾ കൊഴിഞ്ഞു പോകാതെ കുലത്തണ്ടിൽ നിൽക്കും. കായ് ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് കേമം. 

2.നഞ്ചൻഗുഡ് രസബല്ലേ 

കർണാടകയിലെ മൈസൂർ, ചാമ്‌രാജ് നഗർ ജില്ലകളിൽ പ്രചാരത്തിലുള്ള ഇനം. നമ്മുടെ നാട്ടുപൂവൻ പഴത്തോട് സാമ്യം. കപില (കബനി ) നദിയുടെ തീരങ്ങൾ പാലൂട്ടി വളർത്തിയ അതീവ രുചികരമായ പഴം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം (ശിവ ക്ഷേത്രം )ഇവിടെയാണ്. അതുകൊണ്ട് കൂടിയാണ് ആ പേര് ലഭിച്ചത്. പക്ഷെ പനാമ വാട്ടം എന്ന രോഗം ഈ ഇനത്തെ മാരകമായി ബാധിക്കുന്നതിനാൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കർഷകർ ബുദ്ധിമുട്ടുന്നു. കേരളത്തിലെ പൂവൻ വാഴ കൃഷിയും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. 

3.വിരൂപാക്ഷി, ശിരുമലൈ -

തമിഴന്റെ അരിയ,  തങ്കമാന വാളപ്പളം. പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിന്റെ സ്വാദിന്റെ രഹസ്യം ഈ വാഴകളാണ്. കുന്നിൻ ചരിവുകളിൽ കുറ്റിവിള കൃഷി രീതിയിൽ വിളയിച്ചെടുക്കുന്നു. താര തമ്യേന കീട രോഗ പ്രതിരോധ ശേഷി ഉള്ള ഇനങ്ങൾ. 

4.കമലാപുർ ചെങ്കദളി 
നമ്മുടെ കപ്പവാഴ തന്നെ. തിരുവനന്തപുരം ജില്ലയാണ് കേരളത്തിൽ ചെങ്കദളി കൃഷിയിൽ മുന്നിൽ. എന്നാൽ ഇതിന്റെ യഥാർഥ അവകാശികൾ കർണാടകയിലെ ഗുൽബർഗ ജില്ലയിലെ കുന്നിൻ ചരിവുകൾ നിറഞ്ഞ കമലാപൂർ ഗ്രാമം ആണ്. 12-13മാസം മൂപ്പുള്ള വളരെ ഉയരത്തിൽ പോകുന്ന വാഴയിനം. ഒരു ഡസൻ പഴത്തിനു 150-200രൂപ വരെ വില വരും. കമനീയമായ ചുവന്ന തൊലിക്കുള്ളിൽ ഹൃദ്യമായ സുഗന്ധവും സ്നിഗ്ധതയും ഉള്ള ക്രീം നിറത്തിൽ ദശയുള്ള  രുചികുടുക്ക. പക്ഷെ കാറ്റിനെ പ്രതിരോധിക്കാൻ കെൽപു കുറവാണ്‌. അവിടുത്തെ ഫല ഭൂയിഷ്ടമായ,  അല്പം ക്ഷാരത കലർന്ന,  നീർവാർച്ചയുള്ള മണ്ണിൽ പിടിക്കുമ്പോൾ നല്ല രുചി. പിന്നെ മഴ കുറവായതു കൊണ്ട് മധുരവും കേമം. TSS(Total Soluble Sugar )20-22 Brix.

5.ജൽഗാവോൺ വാഴപ്പഴം 

-ഇന്ത്യയുടെ വാഴപ്പഴനഗരം. മഹാരാഷ്ട്രയുടെ പശ്ചിമ തീരത്ത് നിന്നും 300 കിലോമീറ്റർ അകലത്തുള്ള ഈ വരണ്ട പ്രദേശം എങ്ങനെ വാഴക്കൃഷിയുടെ പ്രതാപം നേടി എന്നത് പഠിക്കുന്നത് നന്നായിരിക്കും. ജെയിൻ ഇറിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ്‌ അതിന്റെ ക്രെഡിറ്റ്‌. അക്കാഡമിക് ഗ്രന്ഥങ്ങൾ വായിച്ചാൽ ആർദ്രത കുറഞ്ഞ , വരണ്ട, ചൂട് കൂടിയ, വർഷം വെറും 700മില്ലി മീറ്റർ മാത്രം മഴ കിട്ടുന്ന (കേരളത്തിൽ ഇത് 3000mm ആണെന്ന് ഓർക്കണം )ഈ പ്രദേശം വാഴകൃഷിയ്ക്കു പറ്റിയതല്ല എന്നേ  പണ്ഡിതർ പറയൂ. അവിടെയാണ് ശാസ്ത്രം ജയിച്ചത്‌. 48000ഹെക്ടറിൽ ആണ് വാഴക്കൃഷി. ഹെക്ടറിന് 70ടൺ ആണ് ഉൽപ്പാദന ക്ഷമത. എന്താണ് ഇവരുടെ രഹസ്യം. 

1.തുള്ളി നന 
2.തീവ്ര സാന്ദ്രത നടീൽ (High density planting )
3.ഗ്രാൻഡ് നൈൻ എന്ന ഇനത്തിന്റെ ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ തൈകൾ. 

ഒരു ഏക്കറിൽ സാധാരണ 1000വാഴയാണ് നടാൻ ശുപാര്ശ. പക്ഷെ ഇവിടുത്തെ ആർദ്രത കുറഞ്ഞ കാലാവസ്ഥയെ നേരിടാൻ അവർ ഏക്കറിൽ 1200-1300തൈകൾ നടും. അപ്പോൾ തോട്ടത്തിനകത്തു നീരാവി തടുത്തു നിർത്തപ്പെടും. എന്നാൽ ഇലപ്പുള്ളി (സിഗെറ്റോക )രോഗം ഒരു ഭീഷണി ആകുന്നുമില്ല. 

(കേരളത്തിൽ ഇങ്ങനെ നട്ടാൽ ഇലപ്പുള്ളി രോഗം ഒരു 'കൊലപ്പുള്ളി' ആയി മാറും ). 

ആ പ്രദേശത്തുള്ള കഠിനാധ്വാനികളും ബിസിനസ് മനസ്സും ഉള്ള ഗുജ്ജർ, ലേവ പാട്ടീൽ സമുദായക്കാരുടെ മിടുക്കും ഒരു കാരണമാണ്. അടുത്തുള്ള ഭുസാവൽ റെയിൽവേ സ്റ്റേഷനും അവരുടെ ഉൽപ്പന്നങ്ങളുടെ നീക്കത്തെ സഹായിക്കുന്നു. 

എന്തായാലും ലോകത്തെ ഏറ്റവും മികച്ച ഏഴ് വാഴയുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ജൽഗാവോൺ. 

വാൽ കഷ്ണം :അധിനിവേശത്തിന്റെ കണ്ണീർക്കഥകൾ വാഴക്കൃഷിയിലും ഉണ്ട്. ലോകത്തിലെ വാഴപ്പഴ വിപണി നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തകകൾ ആണ്. ചിക്വിറ്റ (പണ്ടത്തെ യുണൈറ്റഡ് ഫ്രൂട്സ് കമ്പനി ), ഡോൾ(പഴയ സ്റ്റാൻഡേർഡ് ഫ്രൂട്സ് കമ്പനി ), ഡെൽ മോണ്ടെ, നോബോവ, ഹൈഫസ്, സുമിഫ്രൂ, ടാഡെക്കോ ഏണിവരൊക്കെയാണ് പ്രധാന കളിക്കാർ. ഒരു കാലത്ത് പലരാജ്യങ്ങളിലും കരാർ കൃഷിക്കായി എത്തി 'കഴകം മൂത്ത് ശാന്തിക്കാർ 'ആയ ചരിത്രം. ആ രാജ്യങ്ങളിലെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും ഈ കമ്പനികൾ  നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തി. അങ്ങനെ ആണ് Banana Republic എന്ന പ്രയോഗം തന്നെ ഉണ്ടായത്.മെക്സിക്കോ, ഗ്വാട്ടിമല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ, ഇക്വഡോർ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു ഇവരുടെ കേളീ രംഗം. ഇവിടങ്ങളിൽ രാസ മലിനീകരണം നടത്തി,  ജനങ്ങളെ വാഴത്തോട്ടങ്ങളിൽ അടിമകളാക്കി, രാഷ്ട്രീയ നേതൃത്വങ്ങളെ ചൊൽപ്പടിക്ക് നിർത്തി,  യൂറോപ്പിലേക്കും അമേരിക്കയിലേക്കും അവർ വാഴപ്പഴം കയറ്റുമതി നടത്തി വിലസ്സി. 

പ്രമോദ് മാധവൻ,
കൃഷി ഓഫീസർ.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...