ഇന്ത്യയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം
ജിഎസ്എല്‍വി റോക്കറ്റിന്റെ പരാജയം കാരണം ഇസ്രോയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇഒഎസ്-03 ഉപഗ്രഹത്തെ ജിയോസ്‌റ്റേഷണറി ഓര്‍ബിറ്റില്‍ എത്തിക്കാനായിരുന്നു ശ്രമം. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇസ്രോയ്ക്ക് സംഭവിച്ച ഇത്തരത്തിലുള്ള ആദ്യ പരാജയമാണിത്. വിക്ഷേപണ സമയത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രകടനം സ്വാഭാവികമായിരുന്നു. എന്നാല്‍ ക്രയോജനിക് അപ്പര്‍ സ്റ്റേജ് ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചില്ല. ഇതാണ് പരാജയത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഇഒഎസ്-03 എന്ന പുതിയ തലമുറയിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യത്തിന്റെ മിക്ക ഭാഗത്തെക്കുറിച്ചുമുള്ള തത്സമയ ചിത്രങ്ങള്‍ അയയ്ക്കാന്‍ ശേഷിയുള്ളതായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, ജലാശയങ്ങള്‍, കൃഷികള്‍, വനങ്ങള്‍ തുടങ്ങിയവയെ നിരീക്ഷിക്കാന്‍ ഉപകരിക്കേണ്ട ഒന്നായിരുന്നു ഇത്. പരാജയത്തെ തുടര്‍ന്ന് റോക്കറ്റിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം ഉപഗ്രഹവും കടലില്‍ എവിടെയങ്കിലും പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇത്തരത്തിലൊരു പരാജയം മുൻപ് സംഭവിച്ചത് 2017 ഓഗസ്റ്റിലാണ്. നാവിഗേഷന്‍ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1എച് ഭ്രമണപഥത്തിലെത്തിക്കാന്‍ പിഎസ്എഎല്‍വിക്കു സാധിക്കാതിരുന്നതാണ് അന്നുണ്ടായ പരാജയം.
∙ പുതിയ വിക്ഷേപണങ്ങള്‍ക്ക് തടസമായേക്കാം
നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും മുൻപും ഇന്ത്യയ്ക്ക് ക്രയോജനിക് ഘട്ടത്തില്‍ ഏതാനും പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന വിക്ഷേപണ ദൗത്യങ്ങൾക്കായി പല പുനക്രമീകരണങ്ങളും നടത്തേണ്ടിവന്നേക്കാം. ക്രയോജനിക് അപ്പര്‍സ്റ്റേജില്‍ ഇസ്രോ തന്നെ ഉണ്ടാക്കിയ ക്രയോജനിക് എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിനു ഇന്ധനം പകരുന്നത് താഴ്ന്ന ഊഷ്മാവിലുള്ള, ദ്രവ രൂപത്തിലുള്ള ഹൈഡ്രജനും ഓക്‌സിജനുമാണ്. പൊതുവെ ക്രയോജനിക് എൻജിനുകള്‍ വളരെ കാര്യപ്രാപ്തിയുള്ളവയാണ്. എന്നാല്‍, ഇവ പരമ്പരാഗത ദ്രവ-ഖര പ്രൊപ്പല്ലന്റുകളേക്കാള്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇവയില്‍ പൂജ്യത്തേക്കള്‍ നൂറുകണക്കിനു ഡിഗ്രി താഴ്ന്ന ഡിഗ്രി സെല്‍ഷ്യസിലുള്ള ഊഷ്മാവാണ് ഉപയോഗിക്കുന്നത്. ഇത് മാറരുത്. ഇക്കാര്യത്തില്‍ ഇസ്രോയ്ക്ക് മുൻപും പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, പല വിജയങ്ങളും ഉണ്ടായിട്ടും ഉണ്ട്.
Comments
Post a Comment
Happy to hear you!